മീനങ്ങാടി: രാസവളത്തിന്റെ ലഭ്യതയും കർഷകർക്ക് ലഭിച്ചുകൊണ്ടിരുന്ന സബ്സിഡിയും ഉറപ്പ് വരുത്താൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് കേരള കർഷക സംഘം മീനങ്ങാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കെ.കെ. രാമൻകുട്ടി നഗറിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി സി.ജി. പ്രത്യുഷ് ഉദ്ഘാടനം ചെയ്തു.
കർഷകവിരുദ്ധമായ ഇറക്കുമതി കരാറുകൾ കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മീനങ്ങാടി അടക്കമുള്ള മൃഗാശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റിയിരിക്കുകയാണ്. അടിയന്തര ഇടപെടൽ നടത്തണമെന്ന് സമ്മേളനം കേരള സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഏരിയ പ്രസിഡന്റ് സി. അസൈനാർ പതാക ഉയർത്തി. ഏരിയ സെക്രട്ടറി ടി.ടി. സ്കറിയ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം.യു. പൈലിക്കുഞ്ഞ് അനുശോചനപ്രമേയം അവതരിപ്പിച്ചു. സി. അസൈനാർ, ലിസി പൗലോസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. കെ.ടി. ബിനു, പി.വി. സുരേന്ദ്രൻ, അബ്ദുൾ ഗഫൂർ, എം.യു. പൈലിക്കുഞ്ഞ്, സരുണ്‍ മാണി എന്നിവർ വിവിധ സബ്കമ്മിറ്റികൾക്ക് നേതൃത്വം നൽകി.
സംഘാടക സമിതി ചെയർമാൻ വി. സുരേഷ്, കണ്‍വീനർ പി.വി. സുരേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ.പി. കുഞ്ഞുമോൾ, ടി.കെ. ശ്രീജൻ, അല്ലി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. 21 അംഗ ഏരിയ കമ്മിറ്റിയെയും 19 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: സി. അസൈനാർ (പ്രസിഡന്റ്), ടി.ടി. സ്കറിയ (സെക്രട്ടറി), സരുണ്‍ മാണി (ട്രഷറർ), പി.യു. കോര, സലോമി ബെന്നി (വൈസ് പ്രസിഡന്റുമാർ), കെ.ടി. ബിനു, അബ്ദുൾ ഗഫൂർ (ജോയിന്റ് സെക്രട്ടറിമാർ).